Monday, June 9, 2025

വൈരുദ്ധ്യങ്ങളുടെ ബഷീർ

ആരായിരുന്നു ബഷീർ എന്ന ചോദ്യത്തിന് അന്നോളം മലയാളത്തിലെ കാരണവന്മാർ വിരാചിച്ചിരുന്ന ഒരിടത്തേക്ക് അലക്ഷ്യമായി ഒരാടിനെ അഴിച്ചു വിട്ടയാൾ എന്ന് ലളിതമായി പറയാം. കഥകൾ പറഞ്ഞ് പറഞ്ഞ് സ്വയം കഥയായി മാറിയ ഒരാൾ. താൻ ചരിത്രത്തിന്റെ വിനീതനായ എഴുത്തുകാരൻ ആണെന്ന് സ്വയം പ്രഖ്യാപിച്ചു കൊണ്ടാണ് അദ്ദേഹം സാഹിത്യത്തിലേക്ക് രംഗപ്രവേശം ചെയ്യുന്നത്.

 അദ്ദേഹത്തിന്റെ കൃതികളിൽ പോക്കറ്റ് അടിക്കാരനും ഒറ്റക്കണ്ണനും വേശ്യയും പെറുക്കിയും എല്ലാം കഥാപാത്രങ്ങളായി മാറി.മനുഷ്യർ എന്ന നിർവചനങ്ങൾക്കപ്പുറം നിലനിൽക്കുന്ന മനുഷ്യരെ അദ്ദേഹം നോക്കി കണ്ടിരുന്നു .ഒരു പെറുക്കി പ്രണയിച്ചാൽ ഒരു തെണ്ടി പ്രണയിച്ചാൽ ഒരു ജയിൽ പുള്ളി പ്രണയിച്ചാൽ ഒരു വേശ്യ അമ്മയായാൽ എങ്ങനെയായിരിക്കും എന്ന് അദ്ദേഹം കാണിച്ചു തന്നു. വ്യവസ്ഥാപിത സമൂഹത്തിന്റെ അടിസ്ഥാന പ്രണയധാരണകളെ തന്നെ അദ്ദേഹം തിരുത്തി എഴുതി പ്രണയവും ജീവിതവും എല്ലാം നിലനിൽക്കുന്നത് വൈരുധ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണെന്ന് അദ്ദേഹം പറയുന്നു. അംബേദ്കർ ജനാധിപത്യത്തെ കുറിച്ച് പറയുന്ന ഒരു വാചകമുണ്ട് 'വ്യത്യസ്തരായിരിക്കാനും ആ വ്യത്യസ്തതയുടെ പേരിൽ വേട്ടയാടപ്പെടാതിരിക്കാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യം' ഈ ജനാധിപത്യ ആശയമാണ് ബഷീറിന്റെ കൃതികളുടെ കാതൽ. ലോകം എന്നത് വൈരുദ്ധ്യങ്ങളെ പിരിച്ചു കളയുന്നതല്ല മറിച്ച് വൈരുദ്ധ്യങ്ങൾക്കുള്ളിൽ ജീവിക്കുന്നതാണെന്നും. അദ്ദേഹം പറഞ്ഞു വെച്ചു. ബഷീറിന്റെ ഒട്ടുമിക്ക കൃതികളിലും ഈ വൈരുദ്ധ്യം കാണാം പ്രേമലേഖനം മധുര സുന്ദര സുരഭില നിലാവെളിച്ചം ആയിരുന്നുവെങ്കിൽ ബാല്യകാലസഖി വക്കിൽ രക്തം പൊടിഞ്ഞ ഒരേടായി മാറുന്നു പ്രേമലേഖനത്തിലെ പ്രണയം സാക്ഷാത്കാരവും ശുഭാന്ത്യവും ആയിരുന്നുവെങ്കിൽ ബാലകാലസഖിയിലേക്ക് എത്തുമ്പോഴേക്കും പ്രണയം ദുഃഖമാകുന്നു വേദനയാകുന്നു ത്യാഗം ആകുന്നു. ലോകം മാറുന്നു എന്നതിനെ ബഷീർ അടയാളപ്പെടുത്തുന്നത് പ്രണയത്തിന്റെ ഈ പരിണാമം കൊണ്ടാണ്. ലോകചാരിയായ പ്രണയത്തിനടയാളമായി ബഷീർ കണക്കാക്കുന്നത് കേവലം ഒരു പുഴുങ്ങിയ മുട്ടയാണ്.'സ്ഥലത്തെ പ്രധാന ദിവ്യൻ ' എന്ന കഥയിൽ ബഷീർ പ്രണയത്തിനടയാളമായി പുഴുങ്ങിയ മുട്ട കാണിക്കുന്നു. സൈനബ തന്റെ പ്രണയിതാവായ മണ്ടൻ മുസ്തഫക്ക് പ്രേമോപഹാരമായി നൽകുന്നത് ആരും കാണാതെ പുട്ടിനുള്ളിൽ ഒളിപ്പിച്ച ഒരു പുഴുങ്ങിയ മുട്ടയാണ്. മതിലുകളിലും ഇതേ സന്ദർഭം കാണാം ജീവസുറ്റ പ്രണയത്തിന്റെ അടയാളമായി ബഷീർ കാണുന്നത് ജീവനറ്റ ഒരു ഉണക്കകമ്പാണ്. ബഷീറിന്റെ ഏറ്റവും മാസ്റ്റർ പീസ് ആയ കൃതിയാണ് ശബ്ദങ്ങൾ ശബ്ദങ്ങളിൽ നമുക്ക് വേശ്യയായ ഒരു അമ്മയെ കാണാം. അമ്മ,വേശ്യ ഇവ രണ്ടും മലയാളികളെ സംബന്ധിച്ച് രണ്ടു ദ്വന്ദ്വങ്ങളാണ്. വേശ്യയായ ഒരു അമ്മയെ കുറിച്ച് നമുക്ക് ഇപ്പോഴും ചിന്തിക്കാൻ ആവില്ല നമ്മുടെ സദാചാര മൗലിക ബോധങ്ങളിലൊന്നും അത്തരം ഒരു അമ്മയ്ക്ക് സ്ഥാനമില്ല. ഇത്തരത്തിൽ അരുവത്കരിക്കപ്പെട്ട പാർശ്വവൽക്കരിക്കപ്പെട്ടവരുടെത് കൂടിയാണ് സാഹിത്യം എന്ന് അദ്ദേഹം നിരന്തരം ഓർമ്മപ്പെടുത്തുന്നു. നർമ്മത്തിലൂടെ സാധ്യമാക്കുന്ന ഈ സാമൂഹിക പരിവർത്തനം തന്നെയാണ് ബഷീറിയൻ സാഹിത്യത്തിന്റെ ജീവൻ.


                  ജിഷ. എ എസ്

No comments:

Post a Comment

Biodata